തുറവൂർ: റോഡ്സൈഡിൽ വൻതോതിൽ മാലിന്യം തള്ളൽ. പത്മാക്ഷി കവല-അന്ധകാരനഴി റോഡിൽ പാറയിൽ ഭാഗത്ത് പാടശേഖരത്തോടു ചേർന്നാണ് ചാക്കുകണക്കിന് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. വീടുകളിൽനിന്നും മറ്റും ശേഖരിച്ച 25ലധികം ചാക്ക് മാലിന്യമാണ് കഴിഞ്ഞ രാത്രി തള്ളിയിരിക്കുന്നത്. ഇതുമൂലം പ്രദേശമാകെ ദുർഗന്ധപൂരിതമാണ്. പാടശേഖരത്തോടു ചേർന്നുള്ള തോട്ടിലും മാലിന്യം തള്ളിയിട്ടുണ്ട്.
അന്ധകാരനഴി-പത്മാക്ഷിക്കവല റോഡുവശങ്ങളിലും പള്ളിത്തോട്-ചാവടി റോഡിന്റെ വശങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ദൂരദേശങ്ങളിൽനിന്നും രാത്രി ലോറിയിലും മറ്റു വാഹനങ്ങളിലും മാലിന്യങ്ങൾ കൊണ്ടു വന്ന് ഈ പ്രദേശത്ത് തള്ളുകയാണ് ചെയ്യുന്നത്. വഴിവിളക്കുകൾ അണയുന്ന സമയങ്ങളിലും അർധരാത്രിയിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. പ്രദേശത്ത് കാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നതിനെതിരേ കർശന നടപടി പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.